എന്നും കഴിക്കുന്ന പോലെ മീൻ കറിയോ മീൻ പൊരിച്ചതോ അല്ലാതെ വ്യത്യസ്ത രുചി ആയാൽ എങ്ങനെയുണ്ടാകും. നല്ല മീൻ കിട്ടിയാൽ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ. ഹോട്ടൽ രുചിയിലുള്ള മീൻ പൊള്ളിച്ചത് വീട്ടിൽ തന്നെ കിടിലനായി ഉണ്ടാക്കാം (Kerala Style Meen Pollichathu). ആവോലി മീൻ ഒരു കിടിലൻ മസാലയൊക്കെ തേച്ച് വാഴയിലയിൽ പൊതിഞ്ഞ് പൊള്ളിച്ചെടുക്കുന്ന ഒരു സിമ്പിൾ മീൻ പൊള്ളിച്ചതിന്റെ റെസിപ്പിയാണ് ഇന്ന് നമ്മൾ ചെയ്യുന്നത്. ഇത്തരത്തിൽ ഒരു മീൻ പൊള്ളിച്ചത് എങ്ങനെയാണ് രുചികരമായി എളുപ്പത്തിൽ തയ്യാറാക്കുന്നതെന്ന് നോക്കിയാലോ….
ആവശ്യമായ ചേരുവകൾ
- ആവോലി
- മുളക് പൊടി – 1 ടീ സ്പൂൺ
- കാശ്മീരി മുളക് പൊടി – 3 ടീ സ്പൂൺ
- മഞ്ഞൾപ്പൊടി – 1/2 ടീ സ്പൂൺ
- കുരുമുളക് പൊടി – 1/2 ടീ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- നാരങ്ങ നീര് – 1 ടേബിൾ സ്പൂൺ
- പച്ച മുളക് – 2 എണ്ണം
- കുരുമുളക് – 1 ടീ സ്പൂൺ
- ഇഞ്ചി – 1 കഷ്ണം
- വെളുത്തുള്ളി – 4 എണ്ണം
- വേപ്പില
- വെളിച്ചെണ്ണ – 1 ടീ സ്പൂൺ
- ചെറിയുള്ളി – 1/2 കിലോ
- തക്കാളി – 2 എണ്ണം
തയ്യാറാക്കുന്ന രീതി
ഒരു ബൗളിലേക്ക് മുളകുപൊടി, 1 ടീ സ്പൂൺ കാശ്മീരി മുളകുപൊടി, 1/4 ടീ സ്പൂൺ മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ് നാരങ്ങാനീര് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനി ഇതിലേക്ക് കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന ആവോലി മീൻ ചേർത്ത് കൊടുത്ത് മസാല നന്നായി പുരട്ടി 20 മിനിറ്റ് റെസ്റ്റ് ചെയ്യാൻ വെക്കുക. ഒരു മിക്സിയുടെ ജാറിലേക്ക് പച്ചമുളക്, കുരുമുളക്, കാശ്മീരി മുളകുപൊടി, മഞ്ഞൾപ്പൊടി, വെളിച്ചെണ്ണ, ഇഞ്ചി, വെളുത്തുള്ളി എന്നിവ ഇട്ട് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.
ഒരു പാൻ അടുപ്പിൽ വെച്ച് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു അതിലേക്ക് മീൻ വെച്ചുകൊടുത്ത് രണ്ട് സൈഡും പൊരിച്ചെടുക്കുക. വേറൊരു പാനിൽ വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു ചൂടായി കഴിയുമ്പോൾ ചെറുതായി അരിഞ്ഞ ചെറിയ ഉള്ളിയും ആവശ്യത്തിന് ഉപ്പും ഇട്ട് നന്നായി വഴറ്റുക. ചെറിയുള്ളി ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ ഇതിലേക്ക് തക്കാളി കൂടി ചേർത്ത് മിക്സ് ചെയ്യുക. തക്കാളി വെന്തു കഴിയുമ്പോൾ ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന മിക്സ് കൂടി ഇട്ടു കൊടുത്ത് നന്നായി ഇളക്കി പച്ചമണം മാറിക്കഴിയുമ്പോൾ അതിലേക്ക് വേപ്പില കൂടി ചേർത്തു കൊടുത്തു ഇളക്കിയാൽ മസാല റെഡി.
Kerala Style Meen Pollichathu
വാഴ ഇല ഒരു വലിയ കഷണവും അതുപോലെ ഒരു ചെറിയ കഷണം എന്നുള്ള രീതിയിൽ മുറിച്ചെടുത്തു വാട്ടി എടുക്കുക. ആദ്യം വലിയ ഇല വെച്ച് അതിന്റെ മുകളിൽ ചെറിയ കഷണം വാഴയില വച്ച് കഴിയുമ്പോൾ ഇതിലേക്ക് ആദ്യം നമ്മൾ ഉണ്ടാക്കി വച്ചിരിക്കുന്ന മസാല വെച്ചുകൊടുക്കുക. അതിനു മുകളിലേക്ക് പൊരിച്ചു വച്ചിരിക്കുന്ന മീൻ വയ്ക്കുക വീണ്ടും മുകളിലായി മസാല തേച്ചുകൊടുത്തു ഒരു കഷണം തക്കാളി ഒരു പച്ചമുളകും കുറച്ചു വേപ്പില എന്നിവ വച്ച് കൊണ്ട് നന്നായി പൊതിഞ്ഞെടുത്ത് പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് കൊടുത്തു അതിലേക്ക് വച്ച് കൊടുത്ത് 5 മിനിറ്റ് 2 സൈഡും ചൂടാക്കി എടുക്കുക. തീ കുറച്ചുവെച്ച് ഇതെല്ലാം ചെയ്യാൻ ശ്രദ്ധിക്കേണ്ടതാണ്. ഈ റെസിപ്പിയെ പറ്റി കൂടുതൽ അറിയാനായി വിഡിയോ കാണൂ.. Video Credits : Veena’s Curryworld