Kerala Style Beef Pickle Recipe

നാവിൽ കപ്പലോടും രുചിയിൽ ഒരു കിടിലൻ അച്ചാർ; വിനാഗിരിയുടെ കുത്തൽചുവ അധികമില്ലാത്ത അടിപൊളി ബീഫ് അച്ചാർ..!

ബീഫ് കഴിക്കുന്ന ഒട്ടു മിക്ക ആളുകളും ഇഷ്ടപെടുന്ന ഒരു വിഭവമാണ് ബീഫ് അച്ചാർ (Kerala Style Beef Pickle Recipe). വീട്ടിലുള്ള ചേരുവകൾ കൊണ്ട് വളരെ എളുപ്പത്തിൽ പെട്ടന്ന് തയ്യറാക്കാൻ പറ്റുന്ന ഒരു വിഭവം കൂടിയാണ് ഇത്. ഇങ്ങനെ ഒരു അച്ചാർ ഉണ്ടെങ്കിൽ ചോറിന് പിന്നെ വേറെ ഒരു കറിയുടെയും ആവശ്യമേ ഇല്ല. ചോറിനു മാത്രമല്ല ചപ്പാത്തിക്കോ അപ്പത്തിനോ ഒക്കെ ഇത് ഉപയോഗിക്കാവുന്നതാണ്. മാത്രവുമല്ല നല്ല വൃത്തിയുള്ള പത്രത്തിലാണ് സൂക്ഷിക്കുന്നതെങ്കിൽ ഫ്രിഡ്ജിൽ വെച്ച് കുറെ നാളത്തേക്ക് ഇത് കേടുകൂടാതെ ഉപയോഗിക്കാനായി സാധിക്കും. അപ്പോൾ നമ്മുക്ക് ഇത്രയും രുചിയുള്ള കേരള സ്റ്റൈൽ ബീഫ് അച്ചാർ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

ബീഫ് – 500 ഗ്രാം (ചെറുതായി അരിഞ്ഞത്)
എണ്ണ – 3-4 ടേബിൾസ്പൂൺ
ഇഞ്ചി – 1 കഷണം (ചെറുതായി അരിഞ്ഞത്)
വെളുത്തുള്ളി – 5-6 അല്ലി (ചെറുതായി അരിഞ്ഞത്)
പച്ചമുളക് – 4-5 (അരിഞ്ഞത്)
മുളകുപൊടി – 2 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
മല്ലിപ്പൊടി – 1 ടീസ്പൂൺ
പെരുംജീരകം – 1 ടീസ്പൂൺ
കടുക് – 1/2 ടീസ്പൂൺ
ഉലുവ – 1/2 ടീസ്പൂൺ
വിനാഗിരി – 1/2 കപ്പ്
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില – ഒരു പിടി

 Kerala Style Beef Pickle Recipe

തയ്യാറാക്കുന്ന വിധം

ഒരു പ്രഷർ കുക്കർ എടുത്ത് അതിലേക്ക് ചെറിയ കഷ്ണങ്ങളാക്കി വെച്ചിരിക്കുന്ന ബീഫും, ഒരു നുള്ള് ഉപ്പ്, മഞ്ഞൾപ്പൊടി, വെള്ളം എന്നിവ ഇട്ടു കൊടുക്കുക. ഏകദേശം 2-3 വിസിലുകൾ വരെ അല്ലെങ്കിൽ ബീഫ് മൃദുവാകുന്നത് വരെ വേവിച്ചെടുക്കുക. ശേഷം കുക്കറിന്റെ പ്രഷർ കളഞ്ഞ് തുറന്ന് അതിൽ കൂടുതാലായിട്ടുള്ള വെള്ളം വറ്റിച്ചെടുക്കാം. ശേഷം ബീഫ് ഒന്ന് പാകമാകാൻ ഇത് എണ്ണയിൽ ചെറുതായി വറുത്തെടുക്കാം. പിന്നീട് ഒരു പാനിൽ 2 ടേബിൾസ്പൂൺ എണ്ണ ചൂടാക്കി പെരുംജീരകം, കടുക്, ഉലുവ എന്നിവ ചേർക്കുക. ഇവ പൊട്ടുന്നത് വരെ വഴറ്റി കൊടുക്കുക. ഈ സമയം എല്ലാം തീ കുറച്ചു വെച്ച് വേണം ഇത് തയ്യാറാക്കേണ്ടത്.

Kerala Style Beef Pickle Recipe

അതിനു ശേഷം ഇതിലേക്ക് അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർക്കുക. ഇഞ്ചിയുടെയും വെളുത്തുള്ളിയുടെയും പച്ച മണം മാറുന്നത് വരെ വഴറ്റി കൊടുക്കണം. ശേഷം ഇതിലേക്ക് മുളകുപൊടി മല്ലിപൊടി എന്നിവ ചേർത്ത് ഇവയുടെ നല്ലൊരു മണം വരുന്നത് വരെ ഏകദേശം 2 മിനിറ്റു ഇളക്കി കൊടുക്കാം. ഇനി ഇതിലേക്ക് കറിവേപ്പില കൂടി ഇട്ടു കൊടുത്ത് നന്നായി ഇളക്കി എടുക്കാം. ഇവയെല്ലാം ഒന്ന് പാകമായി എന്ന് തോന്നിയാൽ ഇതിലേക്ക് നേരത്തെ വറുത്തു വെച്ചിരിക്കുന്ന ബീഫ് ചേർത്തു കൊടുക്കാവുന്നതാണ്. ശേഷം എടുത്തു വെച്ചിരിക്കുന്ന വിനാഗിരി ഇതിലേക്ക് ഒഴിച്ച് കൊടുത്ത് നന്നായി ഇളക്കി കൊടുക്കാം. അച്ചാറിലെ അമിതമായിട്ടുള്ള വെള്ളം വറ്റി കഴിയുമ്പോൾ തീ ഓഫ് ചെയ്‌ത്‌ തണുപ്പിച്ചതിന് ശേഷം ഒരു വൃത്തിയുള്ള ജാറിലേക്ക് മാറ്റാം. കൂടുതൽ കാലം ഉപയോഗിക്കുന്നതിനായി ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഈ റെസിപ്പിയെ പറ്റി കൂടുതൽ അറിയാനായി വീഡിയോ കാണാം. Video Credits : Sheeba’s Recipes

Read Also : ഇതാണ് മക്കളെ ബീഫ് ഫ്രൈ, ഇത്ര രുചിയിൽ നിങ്ങൾ ബീഫ് പൊരിച്ചിട്ടുണ്ടാവില്ല; ഒരു തവണ ഇങ്ങനെ തയ്യാറാക്കി നോക്കൂ…