ഇതാണ് കാറ്ററിംഗ് ചിക്കൻ കറിയുടെ രുചി രഹസ്യം! കാറ്ററിംഗ് സ്പെഷ്യൽ തനി നാടൻ കോഴിക്കറി ഇങ്ങനെ ഉണ്ടാക്കി നോക്കൂ!! | Catering Special Chicken Curry Recipe
Catering Special Chicken Curry Recipe : പണ്ട് മുത്തശ്ശി ഒക്കെ ഉണ്ടാക്കി തന്നിരുന്ന കോഴിക്കറിയുടെ രുചി ഓർമ്മയുണ്ടോ? വായിൽ കപ്പലോടുന്നു അല്ലേ? അതേ രുചിക്കൂട്ടിൽ നമ്മുടെ അടുക്കളയിലും ആ കോഴി കറി ഉണ്ടാക്കാം. എങ്ങനെയെന്നല്ലേ? ഞാൻ പറഞ്ഞു തരാം. ആദ്യം നമുക്ക് കുറച്ച് ചിക്കൻ കഷ്ണങ്ങൾ വറുത്ത് വയ്ക്കണം. ഒരു പാത്രത്തിൽ നാരങ്ങാനീരും ഉപ്പും മുകളിൽ പറഞ്ഞിരിക്കുന്ന പൊടികളും ചേർത്ത് ചിക്കൻ പുരട്ടുക. ഇതിലേക്ക് ഒരു സ്പൂൺ വെളിച്ചെണ്ണയും കുറച്ചു കറിവേപ്പിലയും മുറിച്ചിടുക. ഇങ്ങനെ തലേദിവസം രാത്രി തന്നെയോ അല്ലെങ്കിൽ വറുക്കുന്നതിന് അര മണിക്കൂർ മുൻപെങ്കിലും പുരട്ടി വയ്ക്കണം.
ഒരു പാൻ എടുത്ത് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ഈ മാറ്റി വെച്ച കോഴിക്കഷണങ്ങൾ വറുത്തെടുക്കണം. പാൻ അടച്ചു വെച്ച് കഴിഞ്ഞാൽ ചിക്കനിലെ വെള്ളമിറങ്ങി പെട്ടെന്ന് തന്നെ പാകമായി കിട്ടും. ബാക്കി വരുന്ന എണ്ണ മാറ്റിവെക്കുക. മറ്റൊരു പാനിൽ ഒരു മുറി തേങ്ങ ചിരകിയത് വറുക്കണം. ഈ തേങ്ങയിലെ വെള്ളം ഒന്നു വറ്റിക്കഴിഞ്ഞാൽ 2 ടീസ്പൂൺ കുരുമുളകും 1/2 ടീസ്പൂൺ പെരുംജീരകവും ഒരുപിടി കറിവേപ്പിലയും ചേർത്ത് വീണ്ടും വറുക്കണം. ഇതിലേക്ക് 1 ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് മൊരിച്ചെടുക്കുക. ഇതിലേക്ക് 1 സ്പൂൺ കാശ്മീരി മുളകുപൊടിയും അരസ്പൂൺ മഞ്ഞൾപൊടിയും ചേർത്ത് വഴറ്റണം.
തണുത്തതിനു ശേഷം ഇത് നന്നായി അരച്ചെടുക്കണം. മറ്റൊരു പാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയിട്ട് 6 സവാള അരിഞ്ഞു വെച്ചിരിക്കുന്നത് വഴറ്റണം. നമ്മൾ നേരത്തെ മാറ്റിവെച്ച വെളിച്ചെണ്ണയും ഇതിനൊപ്പം ഒഴിക്കാം. സവാളയുടെ നിറം മാറി വരുമ്പോൾ ഇതിലേക്ക് ചതച്ചു വച്ചിരിക്കുന്ന ഒന്നര ടേബിൾസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും 5 പച്ചമുളകും ചേർക്കണം. ഒപ്പം ഒരു പിടി കറിവേപ്പിലയും. എത്ര കൂടുതൽ കറിവേപ്പില ഇടുന്നുവോ, അത്രയും രുചി കൂടും. ഇവ നന്നായി വഴറ്റിയതിനു ശേഷം 1/2 സ്പൂൺ മഞ്ഞൾപൊടിയും 1 സ്പൂൺ കാശ്മീരി മുളകുപൊടിയും 2 സ്പൂൺ എരിവുള്ള മുളകുപൊടിയും 1 സ്പൂൺ മല്ലിപ്പൊടിയും 1 സ്പൂൺ ഗരം മസാലയും ചേർത്ത് നന്നായി വഴറ്റണം.
നമ്മൾ ചിക്കൻ വറുത്ത പാനിൽ തന്നെ കുറച്ചു വെള്ളം ഒഴിച്ച് തിളപ്പിച്ച് ആ വെള്ളം ഇതിലേക്ക് ഒഴിച്ച് ഒരല്പം വറ്റിച്ചെടുക്കണം. എന്നിട്ട് വറുത്തു വച്ചിരിക്കുന്ന ചിക്കൻ കഷണങ്ങൾ ഇതിലേക്കിട്ട് മൂടിവെച്ച് ചെറിയ തീയിൽ വേവിച്ചെടുക്കണം. കുറച്ചൊന്നു വെന്തതിനുശേഷം ഇതിലേക്ക് നമ്മൾ അരച്ചു വെച്ചിരിക്കുന്ന തേങ്ങാക്കൂട്ട് ചേർക്കണം. ഇതിലേക്ക് ഒരല്പം കറിവേപ്പിലയും കൂടെ ഇടുക. കുറച്ച് സമയം ഇരിക്കുമ്പോൾ തന്നെ ഈ കറി കുറുകി വരും. ചോറിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെയും അപ്പത്തിന്റെ കൂടെയും ഒക്കെ കഴിക്കാൻ പറ്റുന്ന തനി നാടൻ കോഴിക്കറി റെഡി. Video credit : Anithas Tastycorner